ദൈവകണങ്ങള്‍ ഭൂമിയുടെ അന്ത്യം കുറിച്ചേക്കാം -ഹോക്കിങ്
ദൈവകണങ്ങള്‍ ഭൂമിയുടെ അന്ത്യം കുറിച്ചേക്കാം -ഹോക്കിങ്
By Madhyamam, 08 Sep 2014 04:40 PM
(9 Sep) ലണ്ടന്‍: ശാസ്ത്രലോകത്തിന് ഇനിയും പൂര്‍ണമായും പിടികിട്ടിയിട്ടില്ലാത്ത ദൈവകണത്തെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ മുന്നറിയിപ്പ്. ദൈവ കണം എന്നുവിളിക്കപ്പെടുന്ന ഹിഗ്സ് ബോസോണുകള്‍ക്ക് ലോകം അവസാനിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് ഹോക്കിങ് പറയുന്നു. സ്റ്റാര്‍മസ് എന്ന പുതിയ ശാസ്ത്രഗ്രന്ഥത്തിന്‍െറ ആമുഖത്തിലാണ് ദൈവകണത്തെക്കുറിച്ച ആശങ്ക അദ്ദേഹം പങ്കുവെക്കുന്നത്. ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങളുടെ സമാഹാരമാണ് സ്റ്റാര്‍മസ്. ഒക്ടോബറില്‍ ഈ ഗ്രന്ഥം വിപണിയിലത്തെും. പ്രപഞ്ചത്തിലെ മുഴുവന്‍ പദാര്‍ഥങ്ങള്‍ക്കും പിണ്ഡം പ്രദാനംചെയ്യുന്ന മൗലിക കണമാണ് ഹിഗ്സ് ബോസോണ്‍. ഈകണങ്ങള്‍ അതിന്‍െറ പരമാവധി ഊര്‍ജാവസ്ഥകളിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ വാക്വം ഡീകേ (vacuum decay) എന്ന അപകടകരമായ പ്രതിഭാസത്തിന് കാരണമായേക്കും. പ്രകാശ വേഗത്തില്‍ വികസിക്കുന്ന ശൂന്യസ്ഥലം ആണ് വാക്വം ഡീകേ വഴി രൂപപ്പെടുക. പ്രപഞ്ചം മുഴുക്കെ ക്ഷണനേരംകൊണ്ട് ഉന്മൂലനം ചെയ്യപ്പെടുകയായിരിക്കും ഇതിന്‍െറ ഫലം. നാം പോലും അറിയാതെയായിരിക്കും ഇത്രയും സംഭവിക്കുക -ഹോക്കിങ് പറയുന്നു. എന്നാല്‍, ദൈവകണങ്ങള്‍ വരുത്തുന്ന അപകടം പക്ഷേ,
അടുത്തകാലത്തൊന്നും സംഭവിച്ചേക്കില്ളെന്നും ഹോക്കിങ് പറയുന്നു. 10,000 കോടി ജിഗാ ഇലക്‌ട്രോണ്‍വോള്‍ട്ട് (GeV) ഊര്‍ജനില കൈവരിക്കാന്‍ ശേഷിയുള്ള കണികാ പരീക്ഷണശാലയില്‍ മാത്രമേ വാക്വം ഡീകേ പോലുള്ള പ്രതിഭാസം സംഭവിക്കുകയുള്ളൂ. 2012ല്‍ ദൈവകണത്തിന്‍െറ സാന്നിധ്യം ശാസ്ത്രലോകം ആദ്യമായി തിരിച്ചറിഞ്ഞ ജനീവയിലെ കണികാ പരീക്ഷണ ശാലയില്‍ ഇത്രയും വലിയ ഊര്‍ജനില കൈവരിക്കുക സാധ്യമല്ല. ഇത്രയും ഊര്‍ജനില എത്തണമെങ്കില്‍, ചുരുങ്ങിയത് ഭൂമിയെക്കാള്‍ വലിയ കണികാത്വരികങ്ങള്‍ തന്നെ വേണ്ടിവരും. ജനീവയിലെ പരീക്ഷണശാലക്ക് 27 കി.മീറ്റര്‍ നീളം മാത്രമാണുള്ളത്. ഹോക്കിങ്ങിന്‍െറ പുതിയ സിദ്ധാന്തത്തെ വിമര്‍ശിച്ച് ഏതാനും ശാസ്ത്രജ്ഞര്‍ രംഗത്തത്തെി. 'അദ്ദേഹം പറയുന്നത് താത്ത്വികമായി ശരിയാണ്. പക്ഷേ, അങ്ങനെ സംഭവിക്കണമെങ്കില്‍, നാം ലക്ഷം കോടി വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. എന്നാല്‍, ഇപ്പോള്‍ നമുക്ക് ലഭ്യമായിട്ടുള്ള അറിവുവെച്ച് അതിന്‍െറ മുമ്ബുതന്നെ നാം ജീവിക്കുന്ന ഭൂമിയുള്‍പ്പെടെ ഇല്ലാതായിട്ടുണ്ടാകും. അഞ്ചു ബില്യന്‍ വര്‍ഷത്തിനുള്ളില്‍ സൂര്യനില്‍നിന്നുള്ള ഊര്‍ജോല്‍പാദനം നിലക്കും. അതിനാല്‍, ദൈവകണം ആദ്യം നമ്മെ പിടികൂടുമെന്ന ഭയം വേണ്ട' -മെല്‍ബണ്‍ സര്‍വകലാശാലയിലെ ജ്യോതിര്‍ഭൗതിക ശാസ്ത്രജ്ഞനായ ഡോ. അലന്‍ ഡെഫി അഭിപ്രായപ്പെടുന്നു. പ്രമുഖ ജാപ്പനീസ് ഭൗതികജ്ഞന്‍ റയോ ഷിമാനോയും ഡെഫിയുടെ അഭിപ്രായത്തെ പിന്തുണക്കുന്നു. പ്രപഞ്ചത്തിന്‍െറ മൗലികഘടന വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേഡ് മോഡല്‍ ' സിദ്ധാന്തമനുസരിച്ച് പദാര്‍ഥകണങ്ങള്‍ക്ക് ദ്രവ്യമാനം അഥവാ പിണ്ഡം ലഭിക്കുന്നത് ഹിഗ്സ് ബോസോണ്‍ സാന്നിധ്യം മൂലമാണ്. മഹാവിസ്ഫോടനത്തിലൂടെയുള്ള പ്രപഞ്ചത്തിന്‍െറ തുടക്കത്തിലുള്ള ആദ്യ സെക്കന്‍ഡിന്‍െറ നൂറു കോടിയില്‍ ഒരംശ സമയത്തേക്ക് പ്രപഞ്ചം പ്രകാശവേഗത്തില്‍ പായുന്ന നിരവധി കണങ്ങള്‍ കൂട്ടിയിണങ്ങിയ പ്രത്യേക അവസ്ഥയിലായിരുന്നു.
Comments
Post a Comment