ഡിജിറ്റല്‍ പേപ്പര്‍ - ടാബ്‌ലറ്റിന്റെ പുത്തന്‍ അവതാരവുമായി സോണി
കനം വെറും ഏഴ് മില്ലീമീറ്റര്‍ , എ4 വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ , ഇ-ഇന്‍ക് ഡിസ്‌പ്ലേ. സോണിയുടെ പുതിയ ടാബ്‌ലറ്റ് അവതാരമായ 'ഡിജിറ്റല്‍ പേപ്പറി'ന്റെഅഴകളവുകളാണിത്.
ശരിക്കുപറഞ്ഞാല്‍ ഇതൊരു ഇലക്ട്രോണിക് പേപ്പറാണിത്, സാധാരണ പേപ്പറിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഉപകരണം. 13.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഇതിലുള്ളത്. 350 ഗ്രാമാണ് ഭാരം.
ഒരു തവണ ചാര്‍ജ് ചെയ്താല്‍ മൂന്നാഴ്ച്ചവരെ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ പേപ്പര്‍ , മുഖ്യമായും ഓഫീസുകളെ മുന്നില്‍ കണ്ടാണ് സോണി അവതരിപ്പിച്ചിരിക്കുന്നത്.
കണക്ടിവിറ്റിക്ക് വൈഫൈ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേപ്പര്‍ , ഈ മെയ് മാസത്തില്‍ വില്‍പ്പനയ്‌ക്കെത്തും. വില 1,100 ഡോളര്‍ (ഏതാണ്ട് 66,000 രൂപ).
ഇഇന്‍ക് ഡിസ്‌പ്ലേ ( E-Ink display ) സങ്കേതത്തിന്റെ പുതിയ വേര്‍ഷനാണ് ഡിജിറ്റല്‍ പേപ്പറില്‍ ഉപയോഗിച്ചിരിക്കുന്നത്. സോണിയും കൂടിചേര്‍ന്ന് വികസിപ്പിച്ച ഇ-ഇന്‍ക് വേര്‍ഷനാണിത്.
കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഡിസ്‌പ്ലേകളെല്ലാം മുമ്പ് നിര്‍മിച്ചിരുന്നത് ഗ്ലാസിലാണ്. അതിനാല്‍ , അതുപയോഗിക്കുന്ന ഉപകരണങ്ങളുടെ ഭാരം വര്‍ധിക്കും. എന്നാല്‍ , 'മൊബിയസ്' ( Mobius ) എന്ന പേരിലുള്ള പുതിയ ഡിസ്‌പ്ലേ നിര്‍മിച്ചിരിക്കുന്നത് പ്ലാസ്റ്റിക്കിലാണ്. മുമ്പത്തെ വകഭേദങ്ങളെ അപേക്ഷിച്ച് പകുതി ഭാരമേ ഉണ്ടാകൂ മൊബിയസിന്.
അഡോബി പിഡിഎഫ് ഫോര്‍മാറ്റിലാണ് ടാബ്‌ലറ്റില്‍ ഡോക്യുമെന്റുകള്‍ ഡിസ്‌പ്ലേ ചെയ്യപ്പെടുക. മറ്റ് ഫോര്‍മാറ്റിലെഴുതപ്പെട്ട ഡോക്യുമെന്റുകള്‍ പിഡിഎഫിലേക്ക് മാറ്റിയാണ് ഡിജിറ്റള്‍ പേപ്പര്‍ ഡിസ്‌പ്ലേ ചെയ്യുക. ഡിജിറ്റല്‍ പേപ്പറില്‍ എഴുതാന്‍ സ്റ്റൈലസുമുണ്ട്.
ടച്ച്‌സ്‌ക്രീന്‍ ഉപകരണമാണെങ്കിലും, പേപ്പറിന്റെ ചില സവിശേഷതകള്‍ ഇതിനുണ്ട്. സ്റ്റൈലസ് ഉപയോഗിച്ച് എഴുതുമ്പോള്‍ ഡിസ്‌പ്ലേയില്‍ കൈ വെയ്ക്കുന്നതിന് കുഴപ്പമില്ല.
4ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഡിജിറ്റല്‍ പേപ്പറിന്റെ സ്‌റ്റോറേജ് എസ്ഡി കാര്‍ഡുപയോഗിച്ച് വര്‍ധിപ്പിക്കാനാകും.
'വേള്‍ഡോക്‌സ്' ( Worldox ) എന്ന ഡോക്യുമെന്റ് മാനേജ്‌മെന്റ് സര്‍വീസുമായി സോണി സഹകരിച്ചതിന്റെ ഫലംകൂടിയാണ് ഡിജിറ്റല്‍ പേപ്പര്‍ . വേള്‍ഡോക്‌സിന്റെ ഡോക്യുമെന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വേര്‍ ഡിജിറ്റല്‍ പേപ്പറില്‍ സോണി സന്നിവേശിപ്പിച്ചിട്ടുണ്ട്.
നിയമരംഗത്തുള്ള പ്രൊഫഷണലുകള്‍ക്ക് ഡോക്യുമെന്റുകള്‍ സുരക്ഷിതമായി ലഭ്യമാക്കാനും തിരുത്താനും പങ്കിടാനും സഹായിക്കുന്നതാണ് വേള്‍ഡോക്‌സിന്റെ സോഫ്റ്റ്‌വേര്‍
Comments
Post a Comment