ഐന്‍സ്‌റ്റൈനെ അടുത്തറിയാന്‍

ഐന്‍സ്‌റ്റൈനെ അടുത്തറിയാന്‍
മനുഷ്യചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട നിമിഷമാണ് 1945 ആഗസ്ത് 6 രാവിലെ 8:15. ആ സമയം ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ ആറ്റംബോബ് പതിച്ചത്തിന്റെ ആഘാതം ഇന്നും നമ്മെ പിന്തുടരുന്നു. അങ്ങനെ തുറന്നുവിടപ്പെട്ട ഭൂതം ഇനിയെന്നും മനുഷ്യരാശിയെ വേട്ടയാടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഒരിക്കലും മായ്ച്ചുകളയാന്‍ കഴിയാത്ത ഈ പാപക്കറയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ശാസ്ത്രകാരന്‍, ബോബ് നിര്‍മ്മിക്കാനാധാരമായ കണ്ടുപിടുത്തം നടത്തിയെന്ന് മാത്രമല്ല, അതിന്റെ നിര്‍മാണം വൈകാന്‍ പാടില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റിന് കത്ത് നല്‍കുകയും ചെയ്തു. തീര്‍ത്തും മനുഷ്യത്വരഹിതമെന്ന് നിസംശയം പറയാവുന്ന ആ പ്രവൃത്തിക്ക് അദ്ദേഹത്തിന് എന്തെങ്കിലും ന്യായീകരണമുണ്ടോ?
മരണത്തിന് കുറച്ചുമാസങ്ങള്‍ക്ക് നല്‍കിയ ഒരഭിമുഖത്തില്‍, 'എന്റെ ജീവിതത്തില്‍ ഞാന്‍ വിലിയൊരു തെറ്റ് പ്രവര്‍ത്തിച്ചു.....ആറ്റംബോംബ് നിര്‍മിക്കണമെന്ന് കാണിച്ച് പ്രസിഡന്റ് റൂസ്‌വെല്‍റ്റിനുള്ള കത്ത് ഒപ്പുവെച്ചു. പക്ഷേ, അതിനല്‍പ്പം ന്യായീകരണമുണ്ട്. ജര്‍മനി ആറ്റംബോംബ് നിര്‍മിക്കുകയെന്ന അപകടം മുന്നിലുണ്ടായിരുന്നു' എന്നു പറഞ്ഞതില്‍ ആത്മാര്‍ഥതയുടെ അംശമെങ്കിലുമുണ്ടോ?
ഒരു വിധിയെഴുത്തിന് മുമ്പ്, അദ്ദേഹത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഒരു ജീവചരിത്ര ഗ്രന്ഥത്തെക്കുറിച്ചുള്ളതാണ് ഈ കുറിപ്പ് -
ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്ന ശാസ്തപ്രതിഭയെക്കുറിച്ചാണ് മുകളില്‍ പറഞ്ഞതെന്ന് വായനക്കാര്‍ക്ക് ഇതിനകം വ്യക്തമായിട്ടുണ്ടാകും. ഹൈസ്‌കൂള്‍തലം മുതല്‍ എല്ലാ ശാസ്ത്രക്‌ളാസുകളിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പരാമര്‍ശിക്കപ്പെടുന്ന അതിമഹത്തായ സംഭാവനകളാണ് അദ്ദേഹം ശാസ്ത്രലോകത്തിന് നല്‍കിയിട്ടുള്ളത്. മഹാബുദ്ധിശാലി ആയിരുന്നുവെങ്കിലും അശ്രദ്ധ മൂലം അദ്ദേഹത്തിന് പിണഞ്ഞ അബദ്ധങ്ങളെക്കുറിച്ചുള്ള ഒട്ടേറെ കുസൃതികഥകളും നാം വായിച്ചറിഞ്ഞിട്ടുണ്ട്.
ഈയൊരു കൗതുകത്തോടെയാണ് നാം വാള്‍ട്ടര്‍ ഐസക്‌സണ്‍ രചിച്ച 'ഐന്‍സ്റ്റൈന്‍: ഹിസ് ലൈഫ് ആന്‍ഡ് യൂണിവേര്‍സ്' ( Einstein: His Life and Universe ) എന്ന ജീവചരിത്രത്തെ സമീപിക്കേണ്ടത്. സ്റ്റീവ് ജോബ്‌സിന്റെ ഔദ്യോഗിക ജീവചരിത്രം രചിച്ചതിലൂടെ ഇംഗ്ലീഷ് വായനക്കാര്‍ക്ക് സുപരിചിതമായ ഐസക്‌സന്റെ തനത് ശൈലി, 2007 ല്‍ പുറത്തിറങ്ങിയ ഐന്‍സ്‌റ്റൈന്‍ ജീവചരിത്രത്തെയും വായനക്കാരുടെ ഇഷ്ടപട്ടികയില്‍ പെടുത്തുന്നു.
ഐന്‍സ്‌റ്റൈന്റെ മരണത്തിന് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്കുശേഷം ലഭ്യമായ ഡയറിക്കുറിപ്പുകളില്‍നിന്നും എഴുത്തുകളില്‍നിന്നും മറ്റുമാണ് ആ ബഹുമുഖവ്യക്തിത്വത്തെ ഐസക്‌സണ്‍ ഉയര്‍ത്തെണീല്‍പ്പിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ കാലക്രമമനുസരിച്ചും, പ്രാധാന്യത്തിലൂന്നിയും അതിമനോഹരമായി ഇതില്‍ ക്രമീകരിച്ചിരിക്കുന്നു. ഐന്‍സ്‌റ്റൈന്‍ എന്ന വ്യക്തിയെയും, ശാസ്ത്രകാരനേയും, രാഷ്ട്രീയചിന്തകനെയും, വിദ്യാഭ്യാസവിചക്ഷണനെയുമൊക്കെ അടുത്തറിയാന്‍ ഈ വായന നമ്മെ സഹായിക്കും.
മാനവരാശിക്ക് ഐന്‍സ്‌റ്റൈന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന എന്താണ്? ആപേക്ഷികതാ സിദ്ധാന്തം, ഫോട്ടോ ഇലക്ട്രിക് പ്രഭാവം - ഇങ്ങനെ നീണ്ടു പോകുന്ന പട്ടികയില്‍ മാത്രം നോക്കിയാല്‍ ഇതിനുള്ള ശരിയായ ഉത്തരം ലഭിക്കണമെന്നില്ല എന്നാണ് ആധുനക ശാസ്ത്രലോകം പറയുന്നത്. ഈ കണ്ടുപിടുത്തങ്ങളൊന്നും നിസ്സാരമായതുകൊണ്ടല്ല അത്. മറിച്ച്, ശാസ്ത്രമെന്നാല്‍ ഗോചരമായ തെളിവുകളില്‍ മാത്രം അതിഷ്ഠിതമായിരിക്കണം എന്ന് വാശിപിടിച്ചിരുന്ന സമൂഹത്തെ, നമ്മുടെ ധാരണകള്‍ക്കപ്പുറത്ത് അതിവിശാലമായ ലോകം വേറെയുണ്ട് എന്ന തിരിച്ചറിവില്‍ കൊണ്ടെത്തിച്ചു എന്നതാണ് ഐന്‍സ്റ്റൈന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന!
സ്ഥൂലവും സൂക്ഷ്മവുമായ പ്രകൃതിയെ വിശകലനം ചെയ്യുന്നതിലും, പ്രതിഭാസങ്ങളോടുള്ള സമീപനങ്ങളിലും പ്രായോഗിക ഭൗതികശാസ്ത്രം (എക്‌സ്‌പെരിമെന്റല്‍ ഫിസിക്‌സ്) ഒരു വഴിമുടക്കിയായി നിന്ന കാലത്താണ് ഐന്‍സ്റ്റൈന്റെ രംഗപ്രവേശം. അത്തരം മാമൂലുകളെ തൂത്തെറിഞ്ഞ്, സൈദ്ധാന്തിക ഭൗതികശാസ്ത്രം (തിയററ്റിക്കല്‍ ഫിസിക്‌സ്) എന്ന ശാഖയ്ക്ക് തുടക്കം കുറിക്കാനും, അതിന്റെ പ്രാധാന്യം ശാസ്ത്രലോകത്തിന് മനസ്സിലാക്കികൊടുക്കാനും ഐന്‍സ്റ്റൈന്‍ എന്ന ജീനിയസിന് കഴിഞ്ഞു.
ഭൗതികശാസ്ത്രം ഇന്നെത്തിനില്‍ക്കുന്ന സ്ട്രിങ് തിയറിയും, എം തിയറിയും, മള്‍ടി വേഴ്‌സും ( Multiverse ) ഒക്കെ പ്രായോഗിക ഭൗതികത്തിന് വഴങ്ങാത്തവയാണെന്ന് മാത്രമല്ല, ഐന്‍സ്‌റ്റൈന്‍ മുന്നോട്ടുവച്ച ചിന്താപരീക്ഷണങ്ങള്‍ ( Thought Experiments ) കൊണ്ടുമാത്രം എത്തിപ്പെടാന്‍ കഴിയുന്ന മേഖലകളുമാണ്. ശാസ്ത്ര പരീക്ഷണങ്ങളെയും പ്രായോഗിക ഭൗതികശാസ്ത്രത്തെയും ഐന്‍സ്‌റ്റൈന്‍ അപ്പാടെ നിരാകരിച്ചിരുന്നു എന്ന് തെറ്റിദ്ധരിക്കരുത്. ശാസ്ത്രകാരന്റെ സ്വതന്ത്ര ചിന്തയും പരീക്ഷണഫലങ്ങളും സന്നിവേശിപ്പിച്ചുള്ള ഒരു ശാസ്ത്രപദ്ധതിയാണ് അദ്ദേഹം വിഭാവനം ചെയ്തതത്.
1879 മാര്‍ച്ച് 14 ന് ജര്‍മനിയിലാണ് ഐന്‍സ്‌റ്റൈന്റെ ജനനം. വ്യാവസായികവത്കരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചിരുന്ന ഒരു സന്തുഷ്ട ജൂതകുടുംബത്തിലെ ആദ്യ സന്താനം. അതിബുദ്ധിമാനായ ഒരു ശാസ്ത്രകാരന്റേതെന്ന് നാം ചിന്തിക്കുന്നപോലുള്ള ഒരു ബാല്യമായിരുന്നില്ല അദ്ദേഹത്തിന്റേത്. വളരെ വൈകി മാത്രം സംസാരിക്കാന്‍ തുടങ്ങിയ ആ കുട്ടി, പറയുന്ന വാക്കുകളും വാചകങ്ങളും വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന അസ്‌പെര്‍ജേര്‍ സിണ്ട്രോം (Asperger Syndrome) എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നു. ബുദ്ധിവളര്‍ച്ച അപൂര്‍ണമാകയാല്‍ കുട്ടിക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിയുമോ എന്നുപോലും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട്, എല്ലാ അധികാരസ്ഥാനങ്ങളെയും ചോദ്യംചെയ്ത്, അവന്‍ ഒരു റിബലായി വളര്‍ന്നുവരാനുള്ള കാരണം ഇതായിരിക്കാമെന്ന് പലരും കരുതുന്നു. ജൂതവംശത്തിന് ആ കാലഘട്ടത്തിലുണ്ടായിരുന്ന അയിത്തവും വിവേചനവുമൊക്കെ ഐന്‍സ്‌റ്റൈനെ റിബലാക്കുന്നതില്‍ പങ്കുവഹിച്ചു. എന്നിരുന്നാലും, മുതിര്‍ന്നപ്പോള്‍ അടുത്ത കൂട്ടുകാരെ സൃഷ്ടിക്കാനും, സ്‌നേഹത്തോടെ കുടുംബ ജീവിതം നയിക്കാനും അവന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
സ്‌കൂള്‍ പഠനകാലത്ത് മാത്രമല്ല, കോളേജിലായിരുന്നപ്പോഴും ഐന്‍സ്‌റ്റൈന്‍ തികച്ചും അസ്വസ്ഥനായ വിദ്യാര്‍ഥി ആയിരുന്നു. പഠനരീതികളോടോ പട്ടാളചിട്ട കളോടോ ഒന്നും പൊരുത്തപ്പെടാന്‍ അവന് കഴിഞ്ഞില്ല. അധ്യാപകരുടെ കണ്ണിലെ കരടായി അവന്‍.
ഈ പ്രകൃതം ആ യുവാവിന് ഒരു ജോലി സമ്പാദിക്കുന്നതില്‍ പോലും വിലങ്ങുതടിയായി. പതിനേഴാം വയസില്‍ സൈനികസേവനത്തിന് പോകണമെന്ന നിബന്ധന മറികടക്കാന്‍ മ്യൂണിക്കിലേക്ക് രക്ഷപെട്ടു. അവിടുത്തെ പ്രസിദ്ധമായ സുരിച് പോളിടെക്‌നിക്കില്‍ ( ETH Zurich ) പ്രവേശനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ഒരു ഗ്രാമീണസ്‌കൂളില്‍ പഠനം തുടങ്ങി. ആ സ്‌കൂളിലെ പഠനക്രമത്തിലുണ്ടായിരുന്ന ഗടങ്കന്‍ പരീക്ഷണ (Gedanken experiment) രീതി അദ്ദേഹത്തിന്റെ വിഷ്വല്‍ ചിന്താപരീക്ഷണ രീതിക്ക് അടിത്തറയിട്ടതായി കാണാം. അടുത്തവര്‍ഷം സുരിച് പോളി ടെക്‌നിക്കില്‍ പ്രവേശനം നേടി. അവിടെയും ഐന്‍സ്റ്റൈന്‍ ഒരു റിബലായി തുടര്‍ന്നു. ഫിസിക്‌സ് ലബോറട്ടറിയിലെ പരീക്ഷണനിര്‍ദേശങ്ങള്‍ പോലും പിന്തുടരാന്‍ തയാറായില്ല. അതു കാരണം പഠനശേഷം അക്കാദമിക് രംഗത്ത് ഒരു ജോലി നേടണം എന്ന ആഗ്രഹം നടന്നില്ല.
അത്യന്തം നിരാശയിലായ ആ കാലഘട്ടത്തില്‍ ഒരു സുഹൃത്തിന്റെ സഹായത്താല്‍ സ്വിസ് പേറ്റന്റ് ഓഫീസില്‍ ജോലി ലഭിച്ചു. അവിടെയും യോഗ്യതയ്ക്ക് അനുസരിച്ചുള്ള സ്ഥാനമായിരുന്നില്ല ഐന്‍സ്റ്റൈന് കിട്ടിയത്. ആ സമയത്തുണ്ടായിരുന്ന സാമ്പത്തിക അസ്ഥിരത, വിവാഹത്തിനുമുമ്പ് തനിക്ക് ജനിച്ച കുഞ്ഞിനെപ്പോലും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാക്കി.
ഇത്രയും കലുഷിതമായ അനുഭവങ്ങള്‍ക്കിടയിലും ഐന്‍സ്‌റ്റൈനിലെ പ്രതിഭ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിനുള്ള തെളിവാണ് 1905 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച നാല് പേപ്പറുകള്‍. 'റേഡിയേഷന്‍ ആന്‍ഡ് എനര്‍ജി പ്രോപ്പര്‍ട്ടീസ് ഓഫ് ലൈറ്റ്' ( Radiation and Energy Properties of Light ), 'ബ്രൗണിയന്‍ മോഷന്‍' ( Brownian Motion ), 'സൈസ് ഓഫ് അറ്റം' ( Atomic Size ), 'മോഡിഫിക്കേഷന്‍ ഓഫ് സ്‌പേസ് ആന്‍ഡ് ടൈം' ( Modification of space and time ) എന്നിവയാണ് ആ പ്രബന്ധങ്ങള്‍.
ഇവയ്‌ക്കെല്ലാം ഒരു പൊതുപ്രത്യേകത ഉണ്ടായിരുന്നു. പരീക്ഷണനിരീക്ഷണങ്ങളില്‍ ഊന്നിയുള്ള ഒന്നായിരുന്നില്ല ഇവയൊന്നും.
അന്നുവരെ ശാസ്ത്രലോകത്തിനുണ്ടായിരുന്ന ധാരണകളെ മാറ്റിമറിക്കുന്ന, കേവലം ഒരു പേറ്റന്റ് ഓഫിസ് ജൂനിയര്‍ ക്‌ളാര്‍ക്ക് അവതരിപ്പിച്ച അവയെ അതേപടി അംഗീകരിക്കാന്‍ ശാസ്ത്രകാരന്മാര്‍ തയ്യാറായില്ല.
1909 ലാണ് ഐന്‍സ്റ്റീന്‍ ഏറെ ആഗ്രഹിച്ച അക്കാദമിക് ജോലിയില്‍ പ്രവേശിക്കുന്നത്. തിയറിറ്റിക്കല്‍ ഫിസിക്‌സില്‍ ഒരു പോസ്റ്റ് അനുവദിക്കാന്‍ സുരിച് പോളിടെക്‌നിക്കിലെ അധികാരികള്‍ ആദ്യം തയ്യാറായില്ല. ഐന്‍സ്റ്റൈന്‍ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങള്‍ പല വേദികളിലും ചര്‍ച്ചചെയ്യപ്പെട്ടു എങ്കിലും അവയൊന്നും അദ്ദേഹത്തെ മുഖ്യധാരാ ശാസ്ത്രജ്ഞന്‍ ആക്കുവാന്‍ പര്യാപ്തം ആയിരുന്നില്ല.
ഇതിനിടയിലും ഐന്‍സ്റ്റൈന്‍ തന്റെ അന്വേക്ഷണം തുടര്‍ന്നു. അങ്ങനെ 1915 ല്‍ അദ്ദേഹം വിഖ്യാതമായ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ( ഏലിലൃമഹ ഞലഹമശേ്‌ശ്യേ ) അവതരിപ്പിച്ചു. പ്രായോഗിക തെളിവുകളുടെ അഭാവം അവിടെയും ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തത്തിന് അംഗീകാരം ലഭിക്കുന്നതിന് വിലങ്ങുതടിയായി. 1919 ലെ സൂര്യഗ്രഹണ വേളയില്‍ ഒരുസംഘം ശാസ്ത്രജ്ഞര്‍ ആഫ്രിക്കയിലെത്തി നടത്തിയ നിരീക്ഷണത്തില്‍, പ്രകാശരശ്മികള്‍ ഐന്‍സ്റ്റൈന്‍ പ്രവചിച്ചതുപോലെ സൂര്യന്റെ ഗുരുത്വബലത്താല്‍ വളയുന്നതായി തെളിയിക്കപ്പെട്ടു. അതോടെ ഐന്‍സ്റ്റൈന്‍ ഒരു സൂപ്പര്‍ താരമായി.
പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു തലത്തിലേക്ക് വളരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഐന്‍സ്റ്റൈന്റെ സിദ്ധാന്തങ്ങള്‍ അധികമാര്‍ക്കും മനസിലായില്ല എങ്കിലും മാധ്യമങ്ങള്‍ അദ്ദേഹത്തെ ജനകീയനാക്കി.
1930 കളോടെ അമേരിക്കയില്‍ ചേക്കേറിയ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടി. ഈ ജനകീയത, രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചും, ജര്‍മന്‍, റഷ്യന്‍ നിലപാടുകളെക്കുറിച്ചുമൊക്കെ അഭിപ്രായം പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. ദേശീയതയും, സൈനികഭരണവും, കമ്മ്യൂണിസവും, ജൂതവിരോധ വിവാദങ്ങളും, ജൂതരാഷ്ട്രവാദവും തുടങ്ങി, അന്നത്തെ ഒട്ടേറെ സാമൂഹ്യപ്രശ്‌നങ്ങളില്‍ നടത്തിയ പരസ്യമായ ഇടപെടല്‍ ഐന്‍സ്‌റ്റൈനെ ഒരു സാമൂഹ്യശാസ്ത്രകാരന്‍ കൂടിയാക്കി എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
ഏറെ പ്രശസ്തമായ E=mc^2 സമവാക്യത്തില്‍ നിന്ന്, ആറ്റംബോംബിലെക്കുള്ള ദൂരം വളരെ കുറവാണെങ്കിലും ഐന്‍സ്‌റ്റൈന്‍ ആ രീതിയില്‍ ചിന്തിച്ചിരുന്നതേയില്ല. മാത്രവുമല്ല, ആദ്യം ഇതിനെക്കുറിച്ച ഒരു യുവശാസ്ത്രകാരന്‍ സൂചിപ്പിച്ചപ്പോള്‍ 'വിഡ്ഢിത്തം' എന്നുപറഞ്ഞ് തള്ളിക്കളയുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫെര്‍മിയുടെയും സിലാറിന്റെയും കൂടിക്കാഴ്ചയാണ് ഐന്‍സ്റ്റൈന്റെ കണ്ണുതുറപ്പിച്ചത്.
മാറിയ ലോകസാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തകളെയും മാറ്റിയിരുന്നു. ആയുധവത്കരണത്തിനും യുദ്ധസന്നാഹങ്ങള്‍ക്കും എതിരായിരുന്ന അദ്ദേഹം, നാസി ജര്‍മനി ആറ്റംബോംബ് നിര്‍മിക്കാനുള്ള സാധ്യത മനസിലാക്കിയതോടെ, അമേരിക്കന്‍ പ്രസിഡന്റിന് ഇക്കാര്യത്തില്‍ കത്തെഴുതാന്‍ തയാറായി. അതിനെ തുടര്‍ന്ന് അമേരിക്ക 'മാന്‍ഹട്ടന്‍ പ്രൊജക്റ്റ്'( Manhattan Project ) എന്ന പേരില്‍ ആറ്റംബോംബ് നിര്‍മണപദ്ധതി തുടങ്ങിയെങ്കിലും രാജ്യസുരക്ഷയുടെ പേരില്‍ ഐന്‍സ്റ്റൈന്‍ അതില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു.
ഇതിലൊന്നും അദ്ദേഹത്തിന് തെല്ലും പരിഭവമുണ്ടായിരുന്നില്ല. 1945 ല്‍ അമേരിക്ക ആദ്യമായി ആറ്റംബോംബ് പ്രയോഗിച്ചപ്പോള്‍ അദ്ദേഹം പരസ്യമായി രംഗത്തെത്തി. ബോംബിന്റെ രഹസ്യം ഒരു രാജ്യം സ്വന്തമായി വയ്ക്കുന്നത് മനുഷ്യരാശിക്ക് തന്നെ ആപത്താണെന്നും, അതിനാല്‍ ഒരു ലോകഗവണ്‍മെന്റ് ഉണ്ടാക്കി അതിന് ആ രഹസ്യം കൈമാറണം എന്ന് അദ്ദേഹം വാദിച്ചു. അക്കാലത്ത് കൊടുമ്പിരി കൊണ്ടിരുന്ന ശീതസമരവും കമ്മ്യൂനിസത്തിനെതിരെ അമേരിക്കയില്‍ ആഞ്ഞടിച്ച വികാരവും ഐന്‍സ്റ്റൈനെ പ്രതികൂലമായി ബാധിച്ചു. അദ്ദേഹം ഒരു കമ്മ്യുണിസ്റ്റ് ചാരനാകം എന്നുപോലും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഐന്‍സ്റ്റൈനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ മാന്‍ഹട്ടന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിനെതിരെ നടപടിയുണ്ടായിയി. ഇതൊക്കെയാണെങ്കിലും ഐന്‍സ്റ്റൈന്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു.
നൊബേല്‍ സമ്മാനം ഐന്‍സ്റ്റൈനെ തേടിയെത്തിയതും ഒട്ടേറെ നാടകങ്ങള്‍ക്കൊടുവിലാണ്. ലോകം കണ്ടത്തില്‍വെച്ച് ഏറ്റവും വലിയ പ്രതിഭകളില്‍ ഒരാളായ അദ്ദേഹം പല തവണ നൊബേലിന് നോമിനേറ്റ് ചെയ്യപ്പെട്ടു. നൊബേല്‍ കമ്മിറ്റിയിലെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അവയൊക്കെ നിരസിക്കപ്പെട്ടു. അന്ന് ശക്തമായിരുന്ന ജൂതവിരുദ്ധ വികാരമായിരുന്നു യഥാര്‍ഥ കാരണമെങ്കിലും, അതുവരെ നൊബേല്‍ സമ്മാനം കൊടുത്തിരുന്ന 'Greatest discovery or invention' എന്ന വിഭാഗത്തില്‍ ഐന്‍സ്‌റ്റൈന്റെ സംഭാവനകളൊന്നും വരില്ല എന്ന് ഒരുകൂട്ടം ശാസ്തജ്ഞര്‍ ശക്തമായി വാദിച്ചു. എന്നാല്‍, 1919 ലെ സൂര്യഗ്രഹണ നിരീക്ഷണത്തിന് ശേഷം, ഐന്‍സ്‌റ്റൈന് സമ്മാനം കൊടുക്കാനാകുന്നില്ല എങ്കില്‍ നൊബേല്‍ സമ്മാനത്തിന് തന്നെയാണ് നാണക്കേട് എന്ന വാദം ശക്തമായി. എങ്കിലും കര്‍ക്കശമായിനിന്ന നൊബേല്‍ കമ്മിറ്റി, 'ഒരു കണ്ടുപിടുത്തവു'മായി ഏറ്റവും അടുത്തുനില്‍ക്കുന്ന 'ഫോട്ടോ ഇലക്ട്രിക് പ്രഭാവ'ത്തിന് ഐന്‍സ്റ്റൈന്‍നല്‍കിയ വിശദീകരണത്തിനാണ് 1921 ലെ നൊബേല്‍ നല്‍കാന്‍ തീരുമാനച്ചത്. സമ്മാനത്തോടോപ്പമുള്ള പ്രശംസാപത്രത്തില്‍ ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്യാതിരിക്കാന്‍ നൊബേല്‍ കമ്മറ്റി ശ്രദ്ധിച്ചു!
ഐന്‍സ്റ്റൈനെക്കുറിച്ച് പ്രചരിക്കുന്ന ഒട്ടേറെ കുസൃതികഥകളില്‍ ഏറ്റവും പോപ്പുലറായത് അദ്ദേഹം കുട്ടിക്കാലത്ത് കണക്കുപരീക്ഷയ്ക്ക് സ്ഥിരമായി തോല്‍ക്കു മായിരുന്നു എന്നതാണ്. ഇത് ശുദ്ധഅസംബന്ധമാണെന്ന് അദ്ദേഹംതന്നെ പല സന്ദര്‍ഭങ്ങളിലും വ്യക്തമാകിയിട്ടുണ്ട്. എന്നാല്‍, അത്ര കേട്ടുകേള്‍വിയില്ലാത്ത പല രസകരങ്ങളായ കാര്യങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്ന് ഈ ജീവചരിത്രത്തിന്റെ വായന നമുക്ക് പറഞ്ഞുതരും.
ആദ്യ ഭാര്യയില്‍നിന്നുള്ള വിവാഹമോചനത്തിന് ഐന്‍സ്റ്റൈന്‍ മുന്നോട്ടുവെച്ച നിര്‍ദേശം അത്തരത്തിലുള്ള ഒന്നാണ്. തനിക്ക് ഒരിക്കല്‍ നൊബേല്‍ സമ്മാനം കിട്ടുമെന്നും, ആ തുക മുഴുവന്‍ നല്‍കാമെന്നും, ഇപ്പോള്‍ വിവാഹമോചനം അനുവദിച്ച് തന്നെ സഹായിക്കണം എന്നുമാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. വര്‍ഷ ങ്ങള്‍ക്ക് ശേഷം അദ്ദേഹം ആ വാക്ക് പാലിക്കുകയും ചെയ്തു!
തന്റെ വീടിന്റെ താക്കോല്‍ എവിടെയാണെന്ന് സ്ഥിരമായി മറന്നു പോകുന്നതും, ജീവിതത്തില്‍ ഒരിക്കലും സോക്‌സ് ധരിക്കരില്ലായിരുന്നു എന്നതും, വാഹനം ഒരിക്കലും സ്വന്തമായി ഓടിച്ചിരുന്നില്ല എന്നതും കൗതുകകരം തന്നെ! കുട്ടിക്കാലം മുതല്‍ക്കേ സംഗീതം ഐന്‍സ്‌റ്റൈന് ഒരു വികാരം ആയിരുന്നു. സ്വാഭാവിക സംഗീതത്തിന്റെ ഉടമ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന മൊസാര്‍ട്ടിന്റെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. ഏകാകാനായിരുന്ന് വയലിന്‍ വായിക്കുക എന്നത് ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന്റെ ശീലമായിരുന്നു.
മതവിശ്വാസം, എകലോകവാദം, സൈനിക വിരുദ്ധത, ജൂതര്‍ക്ക് പ്രത്യേക രാഷ്ട്രം എന്ന വാദം, സോഷ്യലിസം, കമ്മ്യൂണിസം, സമാധനവാദം തുടങ്ങിയ പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ പലതവണ മലക്കം മറിയുന്നത് നമുക്ക് കാണാന്‍ കഴിയും. ഇത് ഐന്‍സ്‌റ്റൈന്റെ വ്യക്തിത്വത്തെയോ പക്വതയെയോ ഒക്കെ ദുര്‍ബലമാക്കുന്നതായി ആരോപിക്കാമെങ്കിലും, ഒന്നും രണ്ടും ലോക മഹയുദ്ധങ്ങളും, ശക്തമായ ജൂതവിരുദ്ധ ചിന്താധാരയും, നാസി ജര്‍മിനിയുടെ വളര്‍ച്ചയും തളര്‍ച്ചയും, റഷ്യന്‍ കമ്മ്യൂണിസവും, ശീതസമരവും അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സാമൂഹ്യമാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഒരു കാലഘട്ടവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ അത്തരം ചാഞ്ചാട്ടങ്ങള്‍ സ്വാഭാവികം മാത്രമാണെന്ന് കാണാം.
ഇതുപോലെ തന്നെ വിരോധാഭാസമാണ് ക്വാണ്ടംഭൗതികത്തോട്, അനിശ്ചിതത്വ നിയമത്തോട് ( Uncertaitny Principle ) ഐന്‍സ്‌റ്റൈന്‍ സ്വീകരിച്ച നിഷേധാത്മക നിലപാട്. ശാസ്തലോകം ആപേക്ഷികതാ സിദ്ധാന്തത്തോട് ആദ്യകാലത്ത് സ്വീകരിച്ചതിലും കര്‍ക്കശ നിലപാടാണ് ഇക്കാര്യത്തില്‍ ഐന്‍സ്‌റ്റൈന്‍ സ്വീകരിച്ചത്. ഒരു ഏകീകൃത സിദ്ധാന്തത്തില്‍ ( Unified Field Theory ) എത്തിച്ചരാന്‍ ആകുമെന്ന ഉറച്ച വിശ്വാസമായിരിക്കാം, ഒരു ശാസ്തകാരന് ഒട്ടും ചേരാത്ത ഒരു നിലപാടെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മരണത്തിന് മണിക്കൂറുകള്‍ മുന്‍പ് വരെയും അതിനായി അദ്ദേഹം പരിശ്രമിക്കുകയും ചെയ്തു.

Comments

Popular posts from this blog

Approaches to Educational Technology

vande mataram lyrics in malayalam

PLATO (Programmed Logic for Automatic Teaching Operations